തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിടിച്ചു നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കി.
കേസിൽ മണിയന്‍പിള്ള രാജു രാവിലെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. നിലവിൽ അദ്ദേഹത്തിന്‍റെ മെഡിക്കൽ പരിശോധന ജനറൽ ആശുപത്രിയിൽ നടക്കുകയാണ്. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നും പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
വാഹനം ഓടിച്ചതു താൻ തന്നെയാണെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും താരം നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. ബൈക്ക് തന്‍റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നു മണിയന്‍പിള്ള രാജു പറഞ്ഞു.
താനൊരു കാന്‍സര്‍ രോഗിയാണ്. കൂടാതെ ചിക്കുൻഗുനിയയും ബാധിച്ചിട്ടുണ്ട്. പെട്ടെന്നു പാനിക് ആയിപ്പോയതുകൊണ്ടാണ് കാറില്‍നിന്നു പുറത്തിറങ്ങാതിരുന്നത്. പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് അപകടം നടന്നിട്ടുണ്ടെന്നും ആംബുലൻസ് ഏർപ്പാടാക്കണമെന്നും പറഞ്ഞു. രാവിലെ പോലീസിൽ വിളിച്ച് അറിയിക്കുകയും ചെയ്തെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം. മണിയൻ പിള്ള രാജു ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്കു ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിനു ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നു.
നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിനു നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.